അഥര്‍വപരിചയം
ചതുര്‍വേദങ്ങളില്‍ നാലാമത്തെ വേദമാണിത്. അഥര്‍വത്തില്‍ 20 കാണ്ഡങ്ങളില്‍ 111 അനുവാകങ്ങളിലായി 731 സൂക്തങ്ങളിലായി 5977 മന്ത്രങ്ങളാണുള്ളത്.
ഈ വേദത്തില്‍ കേനസൂക്തം, സ്‌കംഭസൂക്തം, പുരുഷസൂക്തം, ഉച്ചിഷ്ടസൂക്തം തുടങ്ങി അനേകം ചിന്തോദ്ദീപകങ്ങളായ ദര്‍ശനങ്ങള്‍ കടന്നുവരുന്നുണ്ട്. കാവ്യാത്മകമായ ശൈലിയില്‍ ജീവാത്മാവ്, മനസ്സ്, പ്രാണന്‍, ശരീരം, ഇന്ദ്രിയങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങള്‍ അഥര്‍വവേദം അവതരിപ്പിക്കുന്നു.
മനോവിജ്ഞാനത്തിന്റെ നിരവധി തലങ്ങള്‍ കടന്നുവരുന്ന അഥര്‍വമന്ത്രങ്ങളെ മന്ത്രവാദമെന്ന് പ്രചരിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. ബ്രഹ്മവിചാരസങ്കേതമാണ് അഥര്‍വം. അഥര്‍വത്തിലുടനീളം ഏകനായ ബ്രഹ്മത്തിന്റെ മഹത്വം വാഴ്ത്തുന്നത് നമുക്ക് നിരന്തരം കാണാം. ”തസ്‌മൈ ജ്യേഷ്ഠായ ബ്രഹ്മണേ നമഃ” എന്ന് അവസാനിക്കുന്ന മന്ത്രങ്ങളുള്ള സൂക്തമുണ്ട് അഥര്‍വത്തില്‍. ആ ശ്രേഷ്ഠമായ ബ്രഹ്മത്തിനു മുന്‍പില്‍ നമസ്‌കാരമര്‍പ്പിക്കുകയാണ് അഥര്‍വ (10.7.32,33; 10.8.7) മന്ത്രങ്ങള്‍. കേനസൂക്തം നേരത്തെ ഉപനിഷത്തിനെക്കുറിച്ച് പറഞ്ഞിടത്ത് സൂചിപ്പിച്ചിട്ടുണ്ട്.
അഥര്‍വവേദത്തിന്റെ ഒന്നാംകാണ്ഡത്തിലെ പ്രഥമസൂക്തത്തിലെ അവസാനമന്ത്രത്തില്‍ ഇങ്ങനെ കാണാം.
സം ശ്രുതേന ഗമേമഹി
മാ ശ്രുതേന വി രാധിഷി
(അഥര്‍വവേദം 1.1.4)
ഞങ്ങള്‍ എപ്പോഴും വേദങ്ങളുമായി ചേര്‍ന്നു നില്‍ക്കട്ടെ. ഒരിക്കലും വേദങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കാതിരിക്കട്ടെ.
അഥര്‍വവേദത്തിന്റെ വലിയ ഒരു രഹസ്യമാണ് പരമഋഷി ഈ മന്ത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്.
അറിവുമായി ചേര്‍ന്നുനില്‍ക്കുവാനുള്ള വഴികളാണ് അഥര്‍വവേദം പഠിപ്പിക്കുന്നത്. അറിവ് ഒരിക്കലും നമ്മെ വിട്ടകന്നു പോകരുത്. അറിവ് ഏതുമാകട്ടെ, ശരീരത്തെ സംരക്ഷിക്കുന്നതോ, കുടുംബത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കുന്നതോ അതോ ആത്മവിദ്യയെ പ്രകാശിപ്പിക്കുന്നതോ എന്തുമാകട്ടെ. അറിവ് നമ്മെ വിട്ടകന്നുപോകരുത്. ആയതിനാല്‍ അഥര്‍വവേദം സംരക്ഷണപ്രധാനമാണ്.
‘ഥര്‍വ് ഹിംസായാം’ എന്ന ധാതുവിന് ഹിംസയെന്നര്‍ഥം. ആ അര്‍ഥത്തില്‍ ഹിംസയെ പ്രതിരോധിക്കുന്നത് അഹിംസ അഥവാ അഥര്‍വം. പേരുപോലും അഹിംസയെ ദ്യോതിപ്പിക്കുന്ന അഥര്‍വവേദത്തെ മാരണാദി നീചകര്‍മങ്ങളുടെ അടിസ്ഥാനമായി പലരും കണ്ടുവരുന്നത് യഥാതഥമായ വേദപഠനത്തിന്റെ അഭാവമെന്നേ പറയാവൂ. ബ്രഹ്മവേദം, ക്ഷത്രവേദം, ഭൈഷജ്യവേദം എന്നുമെല്ലാമുള്ള വിശേഷണങ്ങള്‍ അഥര്‍വവേദത്തിന് നല്‍കപ്പെട്ടുവരാറുണ്ട്. ബ്രഹ്മവിദ്യയുടെ പരകാഷ്ഠയാണ് അഥര്‍വം. അഥര്‍വവേദീയമായ മുണ്ഡകോപനിഷത്തും മാണ്ഡൂക്യോപനിഷത്തും ഇതിനുദാഹരണങ്ങളാണ്. രാഷ്ട്രധര്‍മത്തിന്റെ രഹസ്യസങ്കേതങ്ങള്‍ ഉപദേശിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് അഥര്‍വത്തെ ക്ഷത്രവേദം എന്നു വിശേഷിപ്പിച്ചുവരുന്നത്.