ഋഗ്വേദം
വേദങ്ങളില്‍ ഏറ്റവും ബൃഹത്തായത് ഋഗ്വേദമാണ്. ഋഗ്വേദത്തില്‍ 10 അധ്യായങ്ങളുള്ളതിനാല്‍ ‘ദശതയ’ ദശതയീ, ദാശതയീ എന്നീ പേരുകളും ലഭിച്ചിട്ടുണ്ട്. ഈ ഋഗ്വേദത്തില്‍ 10552 മന്ത്രങ്ങളാണ് ഉള്ളത്.(15) ഈ മന്ത്രങ്ങളെ രണ്ട് ക്രമത്തിലാണ് നാം പഠിച്ചുവരുന്നത്. മുഴുവന്‍ ഋഗ്വേദസംഹിതയേയും എട്ടായി തിരിക്കുന്നു. ഓരോന്നിനും ‘അഷ്ടകം’ എന്ന് പേര്. ഓരോ അഷ്ടകത്തിലും എട്ട് അധ്യായങ്ങള്‍ വീതമാണ് ഉള്ളത്. ഓരോ അധ്യായത്തേയും വീണ്ടും വര്‍ഗങ്ങളായി വിഭജിക്കുന്നു. വര്‍ഗങ്ങളില്‍ ഋക് സംഖ്യ സമാനമല്ല. ഈ വിഭാഗക്രമം ആശ്വലായനന്മാര്‍ ആവിഷ്‌കരിച്ചതാണന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാകലപാഠത്തിനും ആശ്വലായനപാഠത്തിനും ഇതല്ലാതെ വേറെ വിലയ വൈജാത്യങ്ങള്‍ ഇല്ലതാനും. ഇന്ന് ലഭിക്കുന്ന ശാകലത്തില്‍ ഇവ രണ്ടും കലര്‍ന്നിട്ടുണ്ട്.
അടുത്ത ക്രമം മണ്ഡലം, അനുവാകം, സൂക്തം എന്ന രീതിയിലാണ്. ഋഗ്വേദസംഹിതയെ പത്തു മണ്ഡലങ്ങളായും, മണ്ഡലത്തെ സൂക്തങ്ങളായും സൂക്തത്തെ മന്ത്രങ്ങളായും വിഭജിച്ചു കാണാം. ഈ ക്രമങ്ങള്‍ എന്തൊക്കെ ആയാലും ഓരോ മന്ത്രത്തിന്റെ മൂലസംഹിതാപാഠസ്വഭാവത്തെ സുരക്ഷിതമാക്കിവെച്ചുകൊണ്ടാണ് ഈ രീതികളെല്ലാം പിന്‍തുടര്‍ന്നുവന്നത്. ഈ മണ്ഡലക്രമത്തില്‍ മണ്ഡലത്തിനും സൂക്തത്തിനുമിടയില്‍ അനുവാകങ്ങളുണ്ട്. ഋക് സംഹിതയില്‍ 85 അനുവാകങ്ങളാണ് ആകെ ഉള്ളതെന്ന് ശൗനകന്‍ പറയുന്നുണ്ട്.(16)
ഋഗ്വേദഭാഷ്യകാരന്മാര്‍
ഋഗ്വേദത്തിന് അനേകം ഭാരതീയയോഗികള്‍ ഭാഷ്യം ചമച്ചിട്ടുണ്ട്. വിദേശീയരും ഈ വേദത്തിന് തര്‍ജമകള്‍ ചെയ്തിട്ടുണ്ട്. സുദീര്‍ഘമായ കാലം വേദസംരക്ഷണത്തിന് ചൊല്ലി ഉറപ്പിക്കല്‍ മാത്രം നടപ്പിലായതോടെ വേദാര്‍ഥവിചിന്തനം ഇല്ലാതായിത്തുടങ്ങി. ബ്രാഹ്മണ, ആരണ്യക, ഉപനിഷദാദികളുടെ വേദവ്യാഖ്യാനശൈലി നൈരന്തര്യമായി പിന്‍തുടരാന്‍ കഴിയാതെ വന്നപ്പോഴാണ് യാസ്‌കമഹര്‍ഷി പുതിയ വേദാര്‍ഥവിചിന്തനശൈലിക്ക് രൂപം നല്‍കിയത്. അത് പൂര്‍വപദ്ധതിയുടെ പിന്‍തുടര്‍ച്ച മാത്രമായിരുന്നു. ഒരു വേദവും യാസ്‌കന്‍ പൂര്‍ണമായി വ്യാഖ്യാനിച്ചിട്ടില്ല. എങ്കിലും പല ഋക്കുകള്‍ക്കും നിരുക്തത്തില്‍ യാസ്‌കന്‍ വ്യാഖ്യാനം നല്‍കുന്നുണ്ട്. യാസ്‌കനും എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് പിന്നീട് വേദവ്യാഖ്യാതാക്കന്മാര്‍ ഉണ്ടായത്.
പിന്നീട് സ്‌കന്ദസ്വാമി, നാരായണന്‍, ഉദ്ഗീഥന്‍ എന്നിവര്‍ വേദഭാഷ്യകര്‍ത്താക്കളായെത്തി. ഋഗ്വേദഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് സ്‌കന്ദസ്വാമിയുടെ പ്രയത്‌നം തന്നെയാണ്. നാരായണനും ഉദ്ഗീഥനും സ്‌കന്ദനെ വേദഭാഷ്യത്തിന് സഹായിച്ചു. ഏതായാലും ഇവര്‍ മൂന്നു പേരും ചേര്‍ന്ന് ഋഗ്വേദഭാഷ്യം രചിച്ചുവെന്ന് വെങ്കടമാധവന്റെ ഋഗ്വേദഭാഷ്യത്തില്‍ രേഖപ്പെടുത്തിയതു കാണുന്നുണ്ട്.
”സ്‌കന്ദസ്വാമീ നാരായണ ഉദ്ഗീഥ ഇതിതേ ക്രമാത്
ചക്രുഃ സഹൈകമൃഗ്ഭാഷ്യം പദവാക്യാര്‍ഥഗോചരം”
സ്‌കന്ദാചാര്യന്‍ കേരളീയനാണെന്ന് കരുതുന്നവരുണ്ട്. വലാഭിവാസിയാണ് താനെന്ന് സ്‌കന്ദന്‍ പറഞ്ഞിട്ടുണ്ട്. ‘വലാഭി’ ഗുജറാത്തിലാണ്. സ്‌കന്ദന്‍ ഋഗ്വേദത്തിന്റെ നാലാം അഷ്ടകം വരെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. തുടര്‍ന്ന് നാരായണനും ഉദ്ഗീഥനും പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് വെങ്കിട മാധവന്‍ പറയുന്നു. എന്നാല്‍ ഈ വ്യാഖ്യാനം യജ്ഞത്തില്‍ പ്രക്രിയാനുസാരമാണെന്ന് ഡോ. കുഞ്ഞന്‍ രാജ പറയുന്നുണ്ട്.(17) നാരായണന്റെ ജന്മദേശം അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഉദ്ഗീഥന്‍ മലയാചല വാസിയാണെന്ന് അനുമാനിച്ചുവരുന്നു.
മറ്റൊരു വേദഭാഷ്യകാരന്‍ ‘വെങ്കിടമാധവ’ന്‍ ‘ഋഗര്ഥദീപിക’ എന്ന ഗ്രന്ഥത്തിലൂടെ സംക്ഷിപ്ത ഋഗ്വേദഭാഷ്യം രചിച്ചു. ഇതും യാജ്ഞികപ്രക്രിയാസംബന്ധിയാണ്. എ.ഡി. 700ല്‍ ജീവിച്ച ഹസ്താമലകന്‍ ശ്രീശങ്കരാചാര്യ ശിഷ്യനായിരുന്നു. ഋഗ്വേദഭാഷ്യകാരനാണ് ഹസ്താമലകനെന്ന് കവീന്ദ്രോചാര്യന്റെ ഗ്രന്ഥങ്ങളുടെ സൂചികയില്‍ കാണുന്നു(18) ഈ ഭാഷ്യം ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല. ഋഗ്വേദത്തിന്റെ എട്ടാം അഷ്ടകത്തില്‍ ‘ശ്രുതിവികാസ’എന്ന പേരിലുള്ള ഭാഷ്യം രചിച്ച വ്യാഖ്യാതാവാണ് ഭട്ടഗോവന്ദന്‍. ദ്വൈതവാദിയായ വൈഷ്ണവാചാര്യന്‍ ആനന്ദതീര്‍ഥ (1198-1278) മറ്റൊരു ഋഗ്വേദഭാഷ്യകാരന്‍ പൂര്‍ണപ്രജ്ഞന്‍, മധ്വ എന്നീ പേരുകള്‍കൂടി ഈ ആചാര്യനുണ്ട്. 40 സൂക്തങ്ങള്‍ക്കാണ് ഭാഷ്യം. ജയതീര്‍ഥന്‍ ഇതിന് ടീക രചിച്ചിട്ടുണ്ട്. ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം എന്നീ ത്രിവിധരൂപത്തിലുള്ള വേദഭാഷ്യമാണിത്. ഇക്കാര്യം ജയതീര്‍ഥന്‍ മധ്വഭാഷ്യത്തില്‍ എഴുതിയിട്ടുണ്ട്. മധ്വാചാര്യനും 25 വര്‍ഷത്തിനുശേഷം ഉണ്ടായ ആചാര്യനാണ് ജയതീര്‍ഥന്‍. ഇദ്ദേഹം തന്റെ ഭാഷ്യത്തില്‍ സ്‌കന്ദസ്വാമിയേയും ഉദ്ധരിച്ചുകാണുന്നു.
13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘ധ്വാനുഷ്‌കയജ്വാ’ ഋക്, യജുസ്സ്, സാമം എന്നിവയ്ക്ക് എല്ലാം ഭാഷ്യമെഴുതിയിട്ടുണ്ടെന്ന് വേദാചാര്യന്റെ സുദര്‍ശനമീമാംസയില്‍ പറയുന്നുണ്ട്.(19)
നേരത്തേ പറഞ്ഞ ‘ജയതീര്‍ഥ’ന്റെ ടീകയ്ക്ക് നരസിംഹന്‍ എന്ന ആചാര്യന്‍ ‘വിവൃത്തി’ എഴുതിയിട്ടുണ്ട്. നരസിംഹന്‍ വൈദികസാഹിത്യത്തില്‍ അസാധാരണ പാണ്ഡിത്യമുള്ളയാളായിരുന്നു. കാശികാവൃത്തി, നിരുക്തം, ഏകാക്ഷരമാലാ, ധാതുവൃത്തി, ജൈമിനീയ മീമാംസ, നിഘണ്ടു, അനുക്രമണി, അനുക്രമണികാഭാഷ്യം, ഉണാദി, ഉണാദിവൃത്തി, അമരകോശം, ധനഞ്ജയം, വിശ്വവരരുചി, ബ്രാഹ്മണ, കൈയ്യട, അഭിധാന, ഭഗവദ്ഗീത, ഛാന്ദോഗ്യഭാഷ്യം, ന്യായസുധ, ദശപാതീവൃത്തി അഥവാ ഉജ്ജ്വലദത്ത, മഹാഭാഷ്യം എന്നിവയെല്ലാം ഉദ്ധരിച്ചാണ് തന്റെ കൃതിയെ പ്രകാശിപ്പിച്ചത്.
നരസിംഹനെപ്പോലെത്തന്നെ പ്രമുഖനായ മറ്റൊരു വേദപണ്ഡിനാണ് നാരായണന്‍. ജയതീര്‍ഥന്റെ ടീകയ്ക്ക് ഒരു വിവൃത്തി നാരായണന്‍ രചിച്ചിട്ടുണ്ട്. ‘ഭാവനാരത്‌നപ്രകാശികാ’ എന്നാണിതിന്റെ പേര്. ആത്മാനന്ദനാണ് മറ്റൊരു ഭാഷ്യകാരന്‍. ഋഗ്വേദാന്തര്‍ഗതമായ അസ്യവാമീയസൂക്തത്തിന് ഇദ്ദേഹം ഭാഷ്യം രചിച്ചു.
”സായണന്‍”
വൈദികഭാഷ്യകാരന്മാരില്‍ വിശിഷ്ടസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ‘സായണന്‍.’ വിജയനഗരരാജ്യത്തിന്റെ മന്ത്രിയായിരുന്ന സായണന്‍ (എ.ഡി. 1335-1387) തൈത്തിരീയ ശാഖക്കാരനായിരുന്നു. വിജയനഗരരാജാവായ ബുക്കന്റെ കാലത്താണ് ഋഗ്വേദഭാഷ്യം രചിച്ചതെന്ന് സായണന്‍ ഭാഷ്യത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആദ്യം സായണന്‍ സ്വവേദമായ തൈത്തിരീയ ശാഖയ്ക്കാണ് ഭാഷ്യം രചിച്ചത്. പിന്നീട് കാണ്വയജുസംഹിത; സാമം, അഥര്‍വം എന്നിവയ്ക്ക് ഭാഷ്യം എഴുതി. മേക്‌സ് മുള്ളര്‍ ഈ സായണനെ ഉപജീവിച്ചാണ് വേദവ്യാഖ്യാനം രചിച്ചത്. സായണന്‍ രചിച്ച ഗ്രന്ഥങ്ങള്‍ താഴെ പറയുന്നവയാണ്.
1. ധാതുവൃത്തി
2. വൈദികഭാഷ്യം: തൈത്തിരീയം, ഋക്, കാണ്വയജുര്‍വേദം, സാമം, അഥര്‍വം- സംഹിതകള്‍ക്കുള്ള ഭാഷ്യം.
3. ബ്രാഹ്മണഭാഷ്യം: തൈത്തിരീയം, ഐതരേയം, സാമ അഷ്ടബ്രാഹ്മണങ്ങള്‍ക്കുള്ള ഭാഷ്യം.
4. ആരണ്യകഭാഷ്യം: തൈത്തിരീയ ആരണ്യകം, ഐതരേയ ആരണ്യകം- ഭാഷ്യം.
5, ഐതരേയ ഉപനിഷദ് ദീപിക
6. സുഭാഷിതസുധാനിധി
7. പ്രായശ്ചിത്ത സുധാനിധി അഥവാ കര്‍മവിപാകം
8. അലങ്കാരസുധാനിധി
9. പുരുഷാര്‍ഥ സുധാനിധി
10. യജ്ഞമന്ത്രസുധാനിധി
യാജ്ഞിക പദ്ധതിയെ പിന്‍തുണയ്ക്കുന്ന സായണന്‍ അതിനു അനുയോജ്യമായ ഭാഷ്യമാണ് ചെയ്തത്. ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം എന്നിത്യാദി അര്‍ഥം സ്ഫുടീകരിച്ചു നില്ക്കുന്ന മന്ത്രങ്ങള്‍ക്കുപോലും സായണന്‍ യാജ്ഞികാര്‍ഥങ്ങള്‍ നല്കി. ശ്രീശങ്കരാചാര്യരുടെ അദ്വൈതമതത്തിന്റെ പ്രചാരകനും ഭക്തനുമായിരുന്നു അദ്ദേഹം. സായണന്‍ അപൗരുഷേയമാണ് വേദമെന്ന കാര്യത്തില്‍ സംശയക്കാരനായിരുന്നില്ല. എന്നാല്‍ സായണനെ പിന്‍തുടര്‍ന്ന വിദേശ ഇന്‍ഡോളജിസ്റ്റുകളാകട്ടെ വേദത്തില്‍ ഈശ്വരീയത ദര്‍ശിച്ചതുമില്ല.
മറ്റൊരു വേദഭാഷ്യകാരനായിരുന്നു ‘രാവണന്‍’ (ഇഋ1450). അദ്ദേഹത്തെക്കുറിച്ച് സൂര്യപണ്ഡിതന്‍ തന്റെ ഗീതാഭാഷ്യത്തില്‍ സ്മരിക്കുന്നു. ഇതേക്കുറിച്ച് 1855ല്‍ ഫ്രിറ്റ്‌സ് എഡ്വേര്‍ഡ് ഹാള്‍ മേക്‌സ് മുള്ളര്‍ക്ക് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പിന്നീട് ‘ഹാള്‍’ ഉപലബ്ധമായ രാവണഭാഷ്യം ഏഷ്യാറ്റിക് സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1413ല്‍ ജീവിച്ചിരുന്ന വേദഭാഷ്യകാരനായിരുന്നു മുദ്ഗലന്‍. അദ്ദേഹം സായണഭാഷ്യത്തിന്റെ സംക്ഷിപ്തരൂപം പ്രസിദ്ധീകരിച്ചു. മുദ്ഗലന്‍ ഭാഷ്യത്തില്‍ വ്യാകരണസംബന്ധിയായ എല്ലാ വ്യാഖ്യാനങ്ങളും വിട്ടുകളഞ്ഞു. ഇക്കാര്യം മുദ്ഗലന്‍ തന്റെ ഭാഷ്യാരംഭത്തില്‍ കുറിച്ചുകാണുന്നു.
സൂര്യപണ്ഡിതന്റെ ഗുരുവായ ‘ചതുര്‌വേദസ്വാമി’, 14-ാം നൂറ്റാണ്ടില്‍തന്നെ ജീവിച്ച ഭരതസ്വാമി, വരദരാജന്‍, ദേവസ്വാമി, ഭട്ടഭാസ്‌കരന്‍, ഉവ്വടന്‍, പാരദത്തന്‍ തുടങ്ങിയ അനേകം ഭാരതീയവേദഭാഷ്യകാരുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊന്നും പ്രചരിപ്പിക്കാനോ ഇവയില്‍ ഗവേഷണം നടത്താനോ ആര്‍ക്കും താല്പര്യമില്ല.
മഹര്‍ഷി ദയാനന്ദ സരസ്വതി
മഹര്‍ഷി ദയാനന്ദ സരസ്വതിയോടെ ആധുനികഭാരതത്തിലെ വേദഭാഷ്യചരിത്രം ആരംഭിക്കുന്നു. സായണന്റെയും പൂര്‍വവര്‍ത്തികളായ യജ്ഞപ്രേമികളുടെയും യജ്ഞസംബന്ധിയായ ഭാഷ്യങ്ങളുടെ പരിമിതി ചൂണ്ടിക്കാട്ടുകയാണ് ദയാനന്ദന്‍ ചെയ്തത്. സായണന്റെ വേദഭാഷ്യപ്രക്രിയയുടേയും അതിനെ പിന്‍തുടര്‍ന്ന വിദേശവേദതര്‍ജമക്കാരുടേയും പോരായ്മകളെ ദയാനന്ദന്‍ ചൂണ്ടിക്കാട്ടി. തന്റെ വേദഭാഷ്യപദ്ധതിയുടെ അടിസ്ഥാനത്തെ ചൂണ്ടിക്കാട്ടുന്നതിനായി ഋഗ്വേദാദി ഭാഷ്യഭൂമിക അദ്ദേഹം രചിച്ചു. ശ്രീ അരവിന്ദഘോഷിനെപ്പോലുളളവര്‍ ദയാനന്ദന്റെ വേദഭാഷ്യപദ്ധതിയെ സുതരാം വാഴ്ത്തി. ”പൂര്‍വഭാഷ്യകാരന്മാരുടെ നന്മയെ ഞാന്‍ സ്വീകരിക്കുന്നു. എന്നാല്‍ അവരുടെ ദോഷങ്ങളെ ഖണ്ഡനം ചെയ്യുകയും ചെയ്യുന്നു”വെന്നാണ് മഹര്‍ഷി ദയാനന്ദന്‍ പറഞ്ഞുവെച്ചത്. വേദങ്ങളില്‍ ലൗകിക ഇതിഹാസങ്ങളില്ലെന്ന് അസന്നിഗ്ധമായി ദയാനന്ദന്‍ ചൂണ്ടിക്കാട്ടി. വേദങ്ങളിലെ ശബ്ദങ്ങള്‍ യൗഗികങ്ങളാണെന്നും യോഗരൂഢമാണെന്നും വ്യക്തമാക്കി. എന്നാല്‍ രൂഢിയായ പദങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അഗ്നി’ തുടങ്ങിയ ശബ്ദങ്ങളെ പരമാത്മാവിന്റെ അര്‍ഥമെന്ന് അദ്ദേഹം വ്യക്തമാക്കി. വാചകലുപ്‌തോലങ്കാരത്താല്‍ അനേകം മന്ത്രങ്ങളിലെ ഭാവാര്‍ഥം അഭിവ്യഞ്ജിപ്പിക്കാന്‍ ദയാനന്ദന് കഴിഞ്ഞു. ‘ഉഷയെപ്പോലെ സ്ത്രീ, മിത്രസമാനനായ അധ്യാപകന്‍, വരുണ സമാനനായ ഉപദേശകന്‍’ എന്നിത്യാദി ഉദാഹരണങ്ങള്‍.
എവിടെയൊക്കെ ഉപാസനാദി വിഷയങ്ങള്‍ വരുന്നുണ്ടോ അവിടെയൊക്കെ ‘അഗ്നി’ തുടങ്ങിയ ശബ്ദങ്ങള്‍ക്ക് ഈശ്വരന്‍ എന്നര്‍ഥമാണ് നല്കിയത്. അല്ലാത്തിടത്ത് ഭൗതികമായ അര്‍ഥസങ്കേതങ്ങളും സ്വീകരിച്ചു.
ദയാനന്ദനെക്കൂടാതെ, പണ്ഡിറ്റ് സാത്വലേക്കര്‍, ശിവശങ്കര്‍ശര്‍മ കാവ്യതീര്‍ഥ്, പണ്ഡിറ്റ് ആര്യമുനി, രായ്ശിവനാഥ് അഗ്നിഹോത്രി, കപാലിശാസ്ത്രി, ഹരിശരണ്‍ സിദ്ധാന്താലങ്കാര്‍, സ്വാമി ജഗദീശ്വരാനന്ദസരസ്വതി, യുധിഷ്ഠിരമീമാംസകന്‍ തുടങ്ങിയ അനേകം ഭാരതീയരായ അര്‍വ്വാചീന വേദപണ്ഡിതരും താന്താങ്ങളുടെ സംഭാവന വൈദികസാഹിത്യത്തിന് ചെയ്തിട്ടുണ്ട്.
വിദേശ ഇന്‍ഡോളജിസ്റ്റുകള്‍
വേദങ്ങളെ ചരിത്രവസ്തുവായി കണ്ടുപഠിക്കാന്‍ ശ്രമിച്ചവരാണ് ഇവരില്‍ അധികം പേരും. സംസ്‌കൃതം പോലും പലര്‍ക്കും നേരെചൊവ്വേ അറിയില്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കോള്‍ബ്രൂക്ക്, ഫെഡ്രറിക് റോജന്‍, യൂജീന്‍ ബര്‍നോഫ്, മേക്‌സ് മുള്ളര്‍, റുഡോള്‍ഫ് റാഥ്, ഓട്ടോ ബോത്‌ലിംഗ്, വെബര്‍, വില്‍സണ്‍, ഗ്രിഫിത്ത്, ഓള്‍ഡന്‍ബര്‍ഗ്, മക്‌ഡൊണല്‍ തുടങ്ങിയ അനേകം ‘വേദപണ്ഡിതന്മാര്‍’ വിദശ ഇന്‍ഡോളജിയില്‍ തങ്ങളുടേതായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിദേശ ഇന്‍ഡോളജിസ്റ്റുകളുടെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. ഭാരതത്തിന്റെ പൈതൃകത്തെ തരംതാഴ്ത്തിക്കാണിക്കുക എന്നത് അവരുടെ ഗൂഢലക്ഷ്യമായിരുന്നുവെന്ന് ഇന്ന് സുപരിചിതമാണ്. ഈ പ്രവര്‍ത്തനം അനവരതം തുടരുകയാണ് ഇന്നും.(20)
ഋഗ്വേദത്തിലെ ദേവതകള്‍
വേദങ്ങളിലെ ദേവതാകാഴ്ചപ്പാട് എന്താണെന്ന് നേരത്തെ സ്വല്പം പറഞ്ഞതാണ്. ആധുനിക ഹിന്ദുമതത്തില്‍ കണ്ടുവരുന്നതുപോലെ ശരീരാവയവസമ്പൂര്‍ണമായ ദേവതാസ്വരൂപമല്ല വേദങ്ങളിലെ ദേവതാസങ്കല്പം. സര്‍വാനുക്രമണിയില്‍ എന്താണ് ദേവത എന്ന് പറയുന്നുണ്ട്. ‘മന്ത്രംകൊണ്ട് പറയുന്നതിനേയാണ് ദേവത’ എന്ന് പറയുന്നതെന്ന് പറഞ്ഞു കാണുന്നു. ”യാ തോനോച്യതേ സാ ദേവതാ” (2.5) ആ പ്രസ്താവം.
ആധുനികവിഗ്രഹവതികളായ ദേവതകളല്ല വേദാന്തര്‍ഗതങ്ങളായ ദേവതകളൊന്നും. അതേപോലെ പുരാണപ്രസിദ്ധമായ സ്വര്‍ഗവാസികളുമല്ല വേദങ്ങളിലെ ദേവതകള്‍. ധര്‍മം, ഗുണം എന്നിവയെ പ്രകാശിപ്പിക്കുന്നവരാണ് വേദങ്ങളിലെ ദേവതകള്‍ മന്ത്രങ്ങളിലെ ധര്‍മം, ഗുണം, ജ്ഞാനം മുതലായവയാണ് ദേവതകളെന്ന് മീമാംസാദര്‍ശനത്തിന്റെ ശാബരഭാഷ്യത്തില്‍ വേദതാഭിധാനാധികരണത്തില്‍ വ്യക്തമായ പറഞ്ഞുകാണാം.
ഖണ്ഡദേവന്റെ ഭാട്ടദീപികയിലും ഇക്കാര്യം സുതരാം വെളിവാക്കിയിട്ടുണ്ട്..(21) നൈരുക്തിക പ്രകാരം ദേവശബ്ദത്തിന്റെ അര്‍ഥമെന്തെന്ന് നേരത്തേ പറഞ്ഞു.
അഗ്നി, സോമന്‍, ഇന്ദ്രന്‍, വായു, മിത്രന്‍ തുടങ്ങിയ സുപരിചിതങ്ങളായ ദേവതകള്‍ കൂടാതെ ഉഷാ, രാത്രി, ആപഃ, യൂപം, ശൂനഃ, ദുന്ദുഭി, പൃശ്‌നി, മൃത്യുഃ, യമഃ, യമീ, ഉര്‌വശീ സര്‍പരാജ്ഞി തുടങ്ങി 200ലധികം ദേവതകള്‍ ഋഗ്വേദത്തിലുണ്ട്.
ഇതുകൂടാതെ ആധ്യാത്മികാര്‍ഥത്തില്‍ ഈശ്വരന്റെ പര്യായവാചിയാണ് ദേവതാനാമങ്ങള്‍. പരമേശ്വരന്റെ പരമമായ മഹിമയെ പാരാട്ടുന്നതാണ് ദേവതാവിശേഷങ്ങള്‍. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍ എന്നിവയെല്ലാം ഏകനായ ഈശ്വരന്റെ ബഹുനാമങ്ങള്‍ മാത്രമാണെന്ന് ഋഗ്വേദവും പറയുന്നുണ്ട്.(22)
ഋഗ്വേദം ആരംഭിക്കുന്നത് ‘അഗ്നി’ എന്ന പരമാത്മസ്തവനത്തോടെയാണ്. ഒന്നാം മണ്ഡലത്തില്‍ ഒന്നാംസൂക്തത്തില്‍ ഒന്‍പത് മന്ത്രങ്ങളില്‍ ‘അഗ്നി’ അഥവാ പരമാത്മാവിനെ സ്തുതിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ‘അഗ്നി’ ശബ്ദത്തിന് ഭൗതികമായ തീയെന്നല്ല അര്‍ഥം. മറിച്ച് സച്ചിദാനന്ദാദിലക്ഷണങ്ങളോടുകൂടിയ ബ്രഹ്മമെന്ന അര്‍ഥമെടുക്കണം. ഇതിനുള്ള തെളിവുകള്‍ ശതപഥബ്രാഹ്മണം, നിരുക്തം, ഉപനിഷത്തുക്കള്‍, മനുസ്മൃതി എന്നിവയാണെന്ന് മഹര്‍ഷി ദയാനന്ദന്‍ ഈ ആദ്യഋഗ്വേദമന്ത്രത്തിന് അര്‍ഥമെഴുതുമ്പോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഋഗ്വേദത്തിലെ ഒന്നാംമന്ത്രം ഇങ്ങനെയാണ്:
അഗ്നിമീളേ പുരോഹിതം യജ്ഞസ്യ
ദേവമൃത്വിജമ്. ഹോതാരം രത്‌നധാതമമ്
(ഋഗ്വേദം 1.1.1)
‘അഗ്നി’ എന്ന് പേരുള്ള പരമാത്മാവ് നമ്മുടെ ഹിതങ്ങളറിഞ്ഞ് സാധിച്ചുതരുന്ന പുരോഹിതനാണ്; യജ്ഞമെന്ന പേരുള്ള ശ്രേഷ്ഠകര്‍മങ്ങളെയും ദേവതയും ഋത്വിജനും (ഋതുക്കളില്‍ ഉപാസന ചെയ്യുന്നവന്‍) നാനാവിധ മനോഹരരത്‌നങ്ങള്‍ ധരിച്ചവനുമാണ്. യജുര്‍വേദത്തിലും ഇക്കാര്യം പറഞ്ഞതുകാണാം. ”തദേവാഗ്നിസ്തദാദിത്യസ്തദ്വായുസ്തദുചന്ദ്രമാഃ” (യജുര്‍വേദം 32.1) എന്ന് പറഞ്ഞതിലൂടെ ‘അഗ്നി’ പരമാത്മാവിന്റെ പേരാണെന്ന് മനസ്സിലാകുന്നു.
അഗ്നിസൂക്തത്തിലെ രണ്ടാമത്തെ മന്ത്രത്തില്‍ അഗ്നി പ്രാചീനരും അര്‍വ്വാചീനരുമായ ഋഷിമാര്‍ വാഴ്ത്തിയിരുന്നുവെന്ന് പറഞ്ഞു കാണാം. ആ മന്ത്രമിങ്ങനെയാണ്:
അഗ്നിപൂര്‍വേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത
സ ദേവാം ഏഹ വക്ഷതി
(ഋഗ്വേദം 1.1.2)
ഈ മന്ത്രത്തെ സാക്ഷിനിറുത്തി ചില വേദവിരുദ്ധര്‍ സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായതല്ല വേദമെന്ന് പറയാറുണ്ട്. സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായ ഋഗ്വേത്തിലെ രണ്ടാംമന്ത്രത്തില്‍ മുമ്പുണ്ടായിരുന്ന ഋഷിമാരെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അതെങ്ങനെ സാധിക്കും. സൃഷ്ടിയുടെ തുടക്കത്തില്‍ എങ്ങനെ പൂര്‍വഋഷിമാരുണ്ടെന്ന് പറയും? എല്ലാം തുടങ്ങിയിട്ടല്ലേ ഉള്ളൂ? ഇതൊക്കെയാണ് വിതണ്ഡവാദങ്ങള്‍. സൃഷ്ടിയുടെ തുടക്കത്തിന് മുന്‍പ് ഒരു സൃഷ്ടിയും ഒരു പ്രളയവും ഉണ്ടായിട്ടുണ്ട്. അത് നൈരന്തര്യമാണെന്നും ഋഷിമാര്‍ പറയുന്നു. കഴിഞ്ഞ കല്പത്തില്‍ എങ്ങനെയോ അതേപോലെ സൃഷ്ടി ഉണ്ടായതിന്റെയും വേദാവതാരത്തിന്റേയും രീതികള്‍ നേരത്തേ എഴുതിയിട്ടുണ്ട്. കൂടാതെ വേദവും ”യഥാപൂര്‍വമകല്പയത്” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. കഴിഞ്ഞ കല്പത്തിലേതുപോലെത്തന്നെയാണ് പുതുസൃഷ്ടിയെന്നര്‍ഥം. അപ്പോള്‍ ഇവിടെ പൂര്‍വസൃഷ്ടിയിലെ ഋഷിമാരെ പുതിയ സൃഷ്ടിയുടെ തുടക്കത്തില്‍ത്തന്നെ സ്മരിക്കുകയാണ് ചെയ്തത്. അത് അങ്ങനെത്തന്നെ വേണംതാനും. എന്നാല്‍ വേദം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍ ഈദൃശമായ മുനയൊടിഞ്ഞ ചിന്തകളുമായി രംഗത്തെത്തുക സ്വാഭാവികം മാത്രം.
ഇതുകൂടാതെ ‘യജ്ഞാഗ്നി’ എന്നര്‍ഥത്തിലും ഋഗ്വേദത്തില്‍ ‘അഗ്നി’ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അത് പ്രകരണം നോക്കി അര്‍ഥം മനസ്സിലാക്കുകയാണ് വേണ്ടത്.
”സുസമിദ്ധ്യായ ശോചിഷേഘൃതം തീവ്രം
ജൂഹോതന. അഗ്നയേ ജാതവേദസേ”
(ഋഗ്വേദം 2.2.1)
ഇവിടെ വ്യക്തമായും ‘അഗ്നി’ തീയെന്ന അര്‍ഥത്തില്‍ത്തന്നെയാണ് ഉപയോഗിച്ചത്.
അതേപോലെ ഋഗ്വേദത്തിലെ മറ്റൊരു പ്രധാന ദേവതയാണ് ഇന്ദ്രന്‍. അഗ്നിയെപ്പോലെ സര്‍വ ഐശ്വര്യവാന്‍, മഹാബലവാന്‍, സര്‍വശാസകന്‍ എന്നെല്ലാം പരമാത്മാവിന്റെ നാമമായി ഇന്ദ്രനെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പ്രകരണമനുസരിച്ച് ആത്മാവ്, രാജാവ്, ശാസകന്‍, സേനാപതി തുടങ്ങിയ അര്‍ഥങ്ങളും ഇന്ദ്രശബ്ദത്തിനുണ്ട്. ജീവാത്മാവെന്നും ഇന്ദ്രന് അര്‍ഥം വരുന്നുണ്ട്. എന്നാല്‍ ഇവിടെയൊന്നും വിദേശികള്‍ കണ്ടുപിടിച്ച ആര്യരാജാവാണെന്ന ചരിത്രപരമായ അര്‍ഥം കാണുന്നുമില്ല. ഇതേപോലെ വായു, വരുണന്‍, സവിതാവ്, ഉഷാ, സൂര്യ, മിത്രന്‍, അര്യമാ, വിശ്വേദേവാ, അദിതി, സോമന്‍, രുദ്രന്‍, വിഷ്ണു, പൂഷാ, ഭഗ, ആപഃ, പര്‍ജന്യന്‍ തുടങ്ങിയ അനേകം ദേവതകള്‍ക്കായി അനേകം മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്. അവ സാഹചര്യങ്ങള്‍ മനസ്സിലാക്കി ധാത്വര്‍ഥം ഉപയോഗിച്ച് നിരുക്ത, നിഘണ്ട്വാദികളുടെ സഹായത്തോടെ അര്‍ഥവിവേചനം ചെയ്യേണ്ടവയാണ്.
വിശ്വകര്‍മാദേവതാ
ഋഗ്വേദത്തിലെ പ്രശസ്തമായ മറ്റൊരു ദേവതയാണ് വിശ്വകര്‍മാ. ജഗത്തിന്റെ രചയിതാവും, സൃഷ്ടിയുടെ ഉല്പന്നകര്‍ത്താവുമായ പരമാത്മാവിന് ഋഗ്വേദത്തില്‍ നല്കിയ പേരാണിത്. ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തില്‍ 81-ാം സൂക്തത്തില്‍ വിശ്വകര്‍മാവിന്റെ ദിവ്യ-ഗുണ-കര്‍മങ്ങളെ സംബന്ധിച്ച് വര്‍ണിച്ചിട്ടുണ്ട്. സര്‍വത്ര വ്യാപിച്ചിരിക്കുന്നവനും ദ്യുലോകം, ഭൂമി തുടങ്ങിയവ ഉണ്ടാക്കിയവനുമായ വിശ്വകര്‍മാദേവതയുടെ കാവ്യാത്മകമായ വിവരണം ഈ സൂക്തത്തിലെ മൂന്നാം മന്ത്രത്തില്‍ കാണാം.
കൂടാതെ സരസ്വതി, ബൃഹസ്പതി തുടങ്ങിയ ദേവതകളും ഋഗ്വേദത്തില്‍ കാണാം.
ഋഗ്വേദ ദര്‍ശനം
ഋഗ്വേദത്തിന്റെ അന്തര്‍ധാരകള്‍ പഠിച്ചാല്‍ അഗാധവും അസാധാരണവുമായ ദര്‍ശനമാണ് നമുക്ക് കാണാന്‍ കഴിയുക. ഇതിനെക്കുറിച്ച് അറിയാന്‍ ഋഗ്വേദത്തിലെ ചില സൂക്തങ്ങള്‍ വിശ്ലേഷണം ചെയ്താല്‍ മതി. ഋഗ്വേദത്തിലെ ഒരു ദേവതയാണ് ‘കഃ’ അഥവാ പ്രജാപതി. ”കസ്‌മൈ ദേവായ ഹവിഷാവിധേമ” എന്ന് അവസാനിക്കുന്ന ഒന്‍പത് മന്ത്രങ്ങള്‍ ഈ സൂക്തത്തിലുണ്ട്. ‘ഹിരണ്യഗര്‍ഭ’നാണ് ഈ സൂക്തത്തിന്റെ ഋഷി. സൃഷ്ടിപ്രകരണത്തില്‍ വിവരിക്കുന്ന ബ്രഹ്മാണ്ഡമായ ‘ഹിരണ്യഗര്‍ഭ’ത്തെ ദര്‍ശിച്ചതു കൊണ്ടാകാം ഈ ഋഷിക്ക് ‘ഹിരണ്യഗര്‍ഭ’നെന്ന് പേരു വന്നത്.(23)
ഇതിലെ ആദ്യമന്ത്രത്തെ നമുക്കൊന്നു പരിചയപ്പെടാം.
”ഹിരണ്യഗര്‍ഭ സമവര്തതതാഗ്രേ
ഭൂതസ്യ ജാതഃ പതിരേക ആസീത്
സ ദധാര പൃഥിവീം ദ്യാമുതേമാമ്
കസ്‌മൈ ദേവായ ഹവിഷാവിധേമ”
ഇതാണ് ഒന്നാമത്തെ മന്ത്രം. അര്‍ഥമിങ്ങനെ: ”പ്രകാശസ്വരൂപനും, സൂര്യന്‍ മുതലായ പ്രകാശിക്കുന്ന പദാര്‍ഥങ്ങളെ സൃഷ്ടിക്കുകയും അവയെ പരിപാലിക്കുകയും; ഇക്കാണുന്ന സമ്പൂര്‍ണ ജഗത്തിനേയും രക്ഷിക്കുന്നവനുമായ ഏകമായ ഒന്നുണ്ട്. അവനാകട്ടെ ഈ ജഗത്ത് ഉണ്ടാകുന്നതിന് മുന്‍പ് വെളിപ്പെട്ടതാണ്. ആ ഹിരണ്യഗര്‍ഭന്‍ ഈ ഭൂമിയേയും ദ്യൗലോകത്തേയും വഹിക്കുന്നു. സുഖസ്വരൂപനായ ആ പരമേശ്വരനെ സ്വാഗതം ചെയ്യുവാനുതകുന്ന ശ്രദ്ധ വെച്ചുകൊണ്ട്, ഉപാസനകൊണ്ട് ഞങ്ങള്‍ ഭജിക്കുന്നു.
ഇവിടെ ‘കസ്‌മൈ ദേവായ ഹവിഷാ വിധേമ’ എന്നതിന് ഏത് ദേവനായിക്കൊണ്ടാണ് ഞങ്ങള്‍ ഹവിസ്സ് അര്‍പ്പിക്കുന്നതെന്ന് ചോദിക്കയാണെന്ന സര്‍വസാധാരണ അര്‍ഥമെടുത്ത് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഐതരേയബ്രാഹ്മണത്തില്‍ ”പ്രജാപതിവൈകഃ” എന്നും ഗോപഥബ്രാഹ്മണത്തില്‍ ”സുഖം വൈ കഃ” എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യവേദപണ്ഡിതര്‍ ബ്രാഹ്മണങ്ങളിലെ ഈ വ്യാഖ്യാനങ്ങളെ പാടേ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ‘കഃ’ എന്നതിന് നൈരുക്തികപ്രകാരവും സുഖസ്വരൂപനെന്നേ അര്‍ഥം വരികയുള്ളൂവെന്നിരിക്കേയാണ് ഈ ആശയവ്യത്യാസം അവര്‍ സ്വീകരിക്കുന്നത്. അതിനു കാരണം വേദങ്ങള്‍ ഈശ്വരകൃതമല്ലെന്നും ഋഷികൃതമാണെന്നും സ്ഥാപിക്കുകയാണ്. തങ്ങള്‍ ഏതു ദേവനെയാണ് പൂജിക്കേണ്ടതെന്ന സംശയമാണിതിലുള്ളതെന്നും അവര്‍ തട്ടിവിടുന്നുണ്ട്.
സൃഷ്ടിയെക്കുറിച്ചുള്ള ദാര്‍ശനികമായ കാഴ്ചപ്പാടുകളാണ് ഹിരണ്യഗര്‍ഭസൂക്തം ചര്‍ച്ച ചെയ്യുന്നത്. ഋഗ്വേദത്തില്‍ത്തന്നെ പത്താംമണ്ഡലത്തില്‍ കടന്നുവരുന്ന മറ്റൊരു വിഖ്യാതസൂക്തമാണ് നാസദീയസൂക്തം. 129-ാം സൂക്തമാണിത്. ഏഴു മന്ത്രങ്ങളുള്ള ഈ സൂക്തത്തില്‍ സൃഷ്ടി രചനയ്ക്ക് മുന്‍പുള്ള സ്ഥിതിയാണ് വര്‍ണിക്കുന്നത്. ഈ സൃഷ്ടിയുടെ ഉപാദാനകാരണമായ അവ്യക്തപ്രകൃതി അപ്രകടമായ അവസ്ഥയിലായിരുന്നുവെന്ന് ഈ സൂക്തം വിശദീകരിക്കുന്നു. അതിനാല്‍ ഈ സ്ഥിതി സത്, അസത് എന്നീ സ്ഥിതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് വേദമന്ത്രം. അപ്പോള്‍ ശരീരധാരികളായ ജീവനുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ മരണമോ അമൃതത്ത്വമോ ഉള്ളതിനെക്കുറിച്ചുള്ള ചോദ്യം തന്നെ ഉയരുന്നില്ല. തുടര്‍ന്ന് സൃഷ്ടിരചനയുടെ ആരംഭം ഉണ്ടായപ്പോള്‍ ആദ്യം ‘കാമം’ ഉണ്ടായി. പരമാത്മാവ് തന്റെ ‘ഈക്ഷണ’ശക്തികൊണ്ട് ജഗത്‌രചന നടത്തി. വാസ്തവത്തില്‍ ഉപാദാനഭൂതമായ പ്രകൃതിയുടെ അധിഷ്ഠാതാവ് ഈശ്വരന്‍ തന്നെയെന്ന് ഈ സൂക്തം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നത് നമുക്ക് കാണാം.
”യോ അസ്യാധ്യക്ഷഃ പരമേ വ്യോമന്‌ത്സോ
അങ്ഗ വേദ യദി വാ ന വേദ”
(ഋഗ്വേദം 10.129.7).
പരമാധ്യക്ഷനായ ആ പരമാത്മാവ് ആകാശതുല്യം വ്യാപിച്ചിരുന്നു. ഇതേപോലെ ഋഗ്വേദത്തിലെ 10-ാംമണ്ഡലത്തില്‍ത്തന്നെയുള്ള 72-ാം സൂക്തത്തിലെ ഒന്‍പതു മന്ത്രങ്ങള്‍ ദേവസൃഷ്ടിയുടെ രീതികള്‍ വിവരിക്കുന്നുണ്ട്. അദിതിസൂക്തമെന്നാണ് ഇതിന്റെ പേര്. പ്രകൃതിയുടെ മൂല ഉപാദാനതത്ത്വത്തെക്കുറിച്ച് പറഞ്ഞുവല്ലൊ. അതിന് ‘സ്വധ’, വൃക്ഷം, ‘തിധാതു’, ത്രിഗുണം, അദിതി, അജാ, തമസ് തുടങ്ങിയ പേരുകളുണ്ട്. മൂല ഉപാദാനത്തിന് വികാരഭേദം ഉണ്ടായി ജഗത്തായി പരിണമിക്കുമ്പോള്‍ അതിന് വൈദികസാഹിത്യത്തില്‍ ‘വികൃതി’ എന്നാണ് പറയുന്നത്. ‘അദിതി’ എന്ന കാഴ്ചപ്പാടിനെ കേന്ദ്രീകരിച്ചുകൊണ്ട് പുരാണങ്ങളില്‍ അനേകം കപോലകല്പിതകഥകള്‍ ഉണ്ടായിട്ടുണ്ട്. അതല്ല ഈ സൂക്തത്തിലെ പ്രതിപാദ്യം. സത്വരജസ്തമോ രൂപത്തില്‍ പ്രളയാവസ്ഥയില്‍ ഇരിക്കുന്ന ജഡപ്രകൃതിയാണ് ‘അദിതി’ എന്നതുകൊണ്ട് വേദം വിവക്ഷിക്കുന്നത്. ഇത് ഖണ്ഡിതമായിട്ട് ലോകാന്തരങ്ങളെ ഉണ്ടാക്കും. ഇങ്ങനെ ഖണ്ഡിക്കപ്പെടാത്ത അവസ്ഥയ്ക്കാണ് ‘അദിതി’ എന്നു പറയുന്നത്. ‘ദോ അവഖണ്ഡനേ’ എന്ന ധാതുവില്‍നിന്നാണ് അദിതാ ശബ്ദം ഉണ്ടാകുന്നത്. ഈ സൂക്തത്തില്‍ ദേവന്മാരുടെ ജനനത്തെക്കുറിച്ച് പറയുന്നു. അതായത് പ്രകൃതിയില്‍നിന്ന് ഉണ്ടാവുന്ന മഹത്തത്ത്വം, അഹങ്കാരം, പഞ്ചഭൂതങ്ങള്‍ തുടങ്ങിയവയാണ് ദേവന്മാര്‍.(24) തുടര്‍ന്ന് മന്ത്രത്തില്‍ പറയുന്നതിങ്ങനെയാണ്: ”ബ്രഹ്മാണ്ഡപതിയായ ഭഗവാന്‍, ഈ ദിവ്യപദാര്‍ഥങ്ങളുടെ പരമാണുക്കളെ ഒരു കൊല്ലനെപ്പോലെ ചുട്ടുപഴുപ്പിക്കുകയാണ്. ഈ ദിവ്യപദാര്‍ഥങ്ങള്‍ സൃഷ്ടിയുടെ തുടക്കത്തില്‍ അവ്യക്തരൂപത്തില്‍ നിന്ന് വ്യക്തരൂപം കൈക്കൊണ്ടുതുടങ്ങി.
പരമേശ്വരന്‍ ജ്ഞാനിയായ ശില്പിയെപ്പോലെ ഈ ദേവന്മാരെ സൃഷ്ടിച്ചു. പരമാത്മാവ് ഈ പരമാണുക്കളെ പരിവര്‍ത്തനവിധേയമാക്കിയെന്ന് ഇവിടെ പറയുന്നുണ്ട്.(25)
പരമാത്മാവ് സ്വയം ദേവതകളായി രൂപപ്പെട്ടതല്ലെന്ന് അസന്നിഗ്ധമായി ഈ വേദമന്ത്രം പറയുന്നുണ്ട്. മറ്റൊരു ഉപാദാനതത്ത്വത്തെ രൂപപ്പെടുത്തുക മാത്രമാണ് ഭഗവാന്‍ ചെയ്തത്. ദേവസൃഷ്ടിയുടെ ആരംഭത്തില്‍ അവ്യക്തത്തില്‍നിന്ന് വ്യക്തരൂപങ്ങള്‍ ഉണ്ടാകുന്നു. അതായത് സാമ്യാവസ്ഥയില്‍ ഉണ്ടായിരുന്ന പ്രകൃതി വിഷമാവസ്ഥയിലായിത്തീരുന്നു. അങ്ങനെ ദേവസൃഷ്ടി വ്യക്തമായിത്തീരുന്നു. തുടര്‍ന്നു ദിക്കുകളും, സൂര്യാദിപദാര്‍ഥങ്ങളും സൂര്യകിരണങ്ങളും ഉണ്ടാവുന്നുവെന്ന് മൂന്നാമത്തെ മന്ത്രത്തില്‍ വിവരിക്കുന്നുണ്ട്.
സൃഷ്ടിയുടെ ദേവതാരൂപങ്ങള്‍ ഉണ്ടായശേഷം പ്രാണിവര്‍ഗങ്ങള്‍ ഉണ്ടാകുന്നതിന്റെ ചിത്രണം ഋഗ്വേദത്തിലെ പത്താംമണ്ഡലത്തില്‍ത്തന്നെ 90-ാം സൂക്തമായി വിവരിച്ചിട്ടുണ്ട്. ഇതാണ് വിഖ്യാതമായ പുരുഷസൂക്തം. സര്‍വസ്വീകാര്യനായ പരമേശ്വരന്‍ ദധി, ആജ്യം തുടങ്ങിയ ഭോജ്യപദാര്‍ഥങ്ങള്‍ തരുന്നവയെ സൃഷ്ടിച്ചുവെന്ന് വേദം പറയുന്നു.
”സംഭൃതം പൃഷദാജ്യമ്” (10.90.6) എന്ന് മന്ത്രം തുടര്‍ന്ന് ‘ആരണ്യാഃ ച ഗ്രാമ്യാഃ താന്‍ വായവ്യാന്‍ പശൂന്‍ ചക്രേ”; അതായത് വനത്തിലെ സിംഹം തുടങ്ങിയവയേയും ഗ്രാമത്തിലെ വളര്‍ത്തുമൃഗങ്ങളേയും വായുവില്‍ സഞ്ചരിക്കുന്ന പക്ഷികളേയും സൃഷ്ടിച്ചുവെന്ന് സാരം. തുടര്‍ന്ന് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ വേദങ്ങളും ഉണ്ടായി. കൂടാതെ കുതിരകളും വിദ്യുത്തും ഉണ്ടായി. ഒട്ടകം, കഴുത എന്നീ രണ്ടു വരികളില്‍ പല്ലുകളുള്ള മൃഗങ്ങളും, ഒറ്റവരി പല്ലുകളുള്ളവയും, ആടുപോലുള്ള ചതുഷ്പദികളും മനുഷ്യരെപ്പോലെയുള്ള ദ്വിപദികളും ഉണ്ടായെന്നും ഈ സൂക്തം വിവരിക്കുന്നു.
ഇങ്ങനെ സൃഷ്ടിയുടെ വിവിധ തലങ്ങളെ വിവരിക്കുന്നുണ്ട് ഋഗ്വേദത്തില്‍. ഈ ദാര്‍ശനികതലങ്ങളെ വിശ്ലേഷണം ചെയ്യുവാനാണ് ഷഡ്ദര്‍ശനങ്ങള്‍ രൂപപ്പെട്ടത്. അവയെക്കുറിച്ച് നേരത്തേ പറഞ്ഞുവല്ലോ.
ഇതുകൂടാതെ അസാധാരണമാംവിധം ഗഹനവും അത്യന്ത അത്ഭുതാവഹവുമായ അസ്യവാമീയ സൂക്തവും ഋഗ്വേദത്തിലാണ് ഉള്ളത്. ഈ സൂക്തം ആരംഭിക്കുന്നത് ‘അസ്യ വാമസ്യ പലിതസ്യ’ എന്നായതുകൊണ്ടാകാം സൂക്തത്തിന് ഈ പേരു വന്നത്. വിശ്വേദേവാഃ, വാക്, ശകധൂമഃ സോമ, വായു, അഗ്നി, സൂര്യന്‍, കാലം, സരസ്വതി, സാധ്യ, പര്‍ജന്യ തുടങ്ങി നിരവധി ദേവതകള്‍ വരുന്ന ഈ സൂക്തം വിവിധ ദേവതകളിലൂടെ വിഭിന്നങ്ങളായ ദാര്‍ശനികവും വൈജ്ഞാനികവുമായ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നു.
ഏകേശ്വരവാദം
ഈശ്വരന്‍ ഒന്നേയുള്ളൂവെന്ന സങ്കല്പത്തെ അതിഗൗരവത്തോടെ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥമാണ് ഋഗ്വേദം. യാതൊരു സംശയത്തിനും ഇടയില്ലാതെ ഋഗ്വേദത്തിന്റെ ഈ പ്രഖ്യാപനം ഏതൊരു വേദാനുരാഗിയും അറിയേണ്ടതുതന്നെയാണ്. കാണുക:
”ഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ
ദിവ്യഃ സ സുപര്‌ണോ ഗരുത്മാന്
ഏകം സദ് വിപ്രാ ബഹുധാവദന്ത്യഗ്നിം
യമം മാതരിശ്വാനുമാഹുഃ”
(ഋഗ്വേദം 1.164.46)
അര്‍ഥം: ദിവ്യം സുപര്ണഃ ഗരുത്മാന്‍ സഃ ഏകം സത്‌വിപ്രാഃ ബഹുധാ വദന്തി; പരമമായ പ്രകാശകനും വ്യാപകനും എല്ലാം വഹിക്കുന്നവനുമായ അവന്‍ ഏകനായ ‘സത്’ ആകുന്നു.
തം : അഗ്നി = പ്രകാശം തുടങ്ങിയ ഗുണങ്ങളാല്‍ യുക്തനായ
യമന്‍, മാതരിശ്വാ = യമന്‍, മാതരിശ്വന്‍
ഇന്ദ്രം, മിത്രം വരുണമഗ്നിരഥോ = ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി എന്നീ പേരുകളും ആ ഏകനായ പരമേശ്വരന്റേതുതന്നെ.
വിപ്രാഃ ബഹുധാവദന്തി = വിപ്രന്മാര്‍ (വിശേഷപ്രജ്ഞയുള്ളവര്‍) പല പേരുകളില്‍ വിളിക്കുന്നത്.
വിശ്വകര്‍മ സൂക്തത്തിലും ഇക്കാര്യം പറയുന്നുണ്ട്.
”യോ ദേവാനാം നാമധാ ഏക ഏവ
തം സമ് പ്രശ്‌നം ഭുവനാ യാന്ത്യന്യാ”
(ഋഗ്വേദം 10.82.3)
ദേവന്മാരുടെ പേരുകളെല്ലാം ഉള്ള ഏകനായ പരമേശ്വരനില്‍ മറ്റെല്ലാം വന്നു ചേരുന്നു.
ഈശ്വരന്‍-ജീവാത്മാവ്-പ്രകൃതി
ഇങ്ങനെ ഈശ്വരന്‍ ഒന്നേയുള്ളൂവെന്ന് വരുമ്പോള്‍ ഈശ്വരന്‍ മാത്രമേയുള്ളൂ ജീവാത്മാവും പ്രകൃതിയുമൊന്നും ഇല്ലെന്ന ചിന്ത ഋഗ്വേദത്തിലില്ല. മറിച്ച് ഋഗ്വേദം ഈ ത്രൈത സങ്കല്പത്തെ ഒരു വൃക്ഷമായി വരച്ചുകാട്ടുകയാണ് ചെയ്തത്. നോക്കുക:
”ദ്വാ സുപര്ണാ സയുജാ സഖായാ
സമാനം വൃക്ഷം പരിഷസ്വജാതേ
തയോരന്യഃ പിപ്പലം സ്വാദ്വത്ത്യ
നശ്‌നന്നന്യോ അഭിചാകശീതി
(ഋഗ്വേദം 1.164.20)
അര്‍ഥം: രണ്ടു നന്നായി ചിന്തിക്കുന്നവരായ സഹയോഗികളും സഖാക്കളുമായ പക്ഷികള്‍ ഒരു വൃക്ഷത്തില്‍ ഇരിക്കുന്നു. അവരില്‍ ഒന്ന് പഴം രുചിയോടെ തിന്നുന്നു. ആഹരിക്കാത്ത മറ്റേ പക്ഷി ചുറ്റും പ്രകാശിക്കുന്നു.
ഇവിടെ ജീവനും ബ്രഹ്മവും പ്രകൃതിയാകുന്ന വൃക്ഷത്തിലിരിക്കുന്നതിന്റെ ചിത്രമാണ് ഋഗ്വേദഋഷി വരച്ചുകാട്ടുന്നത്. ജീവന്‍ പ്രകൃതിയാകുന്ന വൃക്ഷത്തിലെ ഭോഗങ്ങളായ പഴങ്ങള്‍ രുചിക്കുന്നു. സര്‍വസാക്ഷിയായി പ്രകാശം ചൊരിഞ്ഞ് ഭഗവാനും ഇരിക്കുന്നു. ഇതില്‍ നിന്നും ഈശ്വരന്‍-ജീവാത്മാവ്-പ്രകൃതി എന്നീ മൂന്ന് അനാദിതത്ത്വങ്ങളില്‍ ഋഗ്വേദം വിശ്വസിക്കുന്നുവെന്ന് വരുന്നു. ഈശ്വരനും ജീവാത്മാവും ഒന്നാണെന്ന വിചാരം വേദത്തിലില്ല. വേദാന്തത്തിലും അത്തരത്തിലൊരു ചിന്തയില്ലെന്നതാണ് വാസ്തവം.
ആരാണ് ഋഷി?
ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ് എന്നിവ ഉണ്ടാകും. ഇതില്‍ ദേവതയും ഛന്ദസ്സും നേരത്തേ വിശദീകരിച്ചതാണ്. മന്ത്രദൃഷ്ടാക്കളാണ് ഋഷിമാര്‍ എന്ന് പ്രാചീന ആചാര്യന്മാര്‍ പറയുന്നു.
”ഋഷിര്ദര്ശനാത്, സ്‌തോമാന്
ദദര്ശ ഇത്യൗപമന്യവഃ”
നിരുക്തം 2.11
എന്ന യാസ്‌കന്റെ വാക്യംതന്നെ ഇതിനു പ്രമാണമാണ്. ”നേരിട്ടു നകണ്ടതിനാല്‍ ഋഷിയായി, എന്തിനെ നേരിട്ടു കണ്ടു? മന്ത്രങ്ങളെ സാക്ഷാത്കരിച്ചു”വെന്നാണ് മുകളിലുദ്ധരിച്ച വാക്യത്തിന്റെ അര്‍ഥം. അങ്ങനെ മന്ത്രങ്ങളെ സാക്ഷാത്കരിച്ചതിനാല്‍ ഋഷിയായെന്ന് വീണ്ടും യാസ്‌കന്‍ പറയുന്നു.
”സാക്ഷാത്കൃതധര്മാണ ഋഷയോ ബഭൂവുഃ”
(നിരുക്തം 1.20)
തൈത്തിരീയാരണ്യകം ഇക്കാര്യത്തില്‍ എന്തു പറയുന്നുവെന്നു കൂടി കാണുക:
”തപസ്സില്‍ ഉറച്ചിരിക്കവേ അനാദിയായ വേദം അവര്‍ ദര്‍ശിച്ചു. അപ്പോള്‍ അവര്‍ ഋഷികളായി. അതാണവരുടെ ഋഷിത്വം.” (തൈത്തിരീയാരണ്യകം 2.9) എന്നാല്‍ ആധുനികവ്യാഖ്യാതാക്കള്‍ മന്ത്രരചയിതാക്കളാണ് ഋഷിമാര്‍ എന്ന് പറയാറുണ്ട്. മന്ത്രങ്ങള്‍ ഈശ്വരകൃതമാണെന്നും ആ മന്ത്രത്തെ കണ്ടവരാണ് ഋഷിമാരെന്നുമാണ് പ്രാചീന ഋഷിമാരുടെ മതം. ‘മന്ത്രകൃത്’ എന്ന് ഋഷിമാരെ വിളിക്കാറുണ്ടെന്നും അതിനാല്‍ മന്ത്രം രചിച്ചവരാണ് ഋഷിമാരെന്ന് ധരിക്കണമെന്നും ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ പാണിനിയുടെ വ്യാകരണമനുസരിച്ച് ‘കൃഞ്’ ധാതുവില്‍നിന്നാണ് ‘കൃത്’ ശബ്ദം ഉണ്ടാകുന്നത്. കൃഞ് ധാതുവിന് ദര്‍ശനമെന്നാണ് അര്‍ഥമെടുക്കേണ്ടത്. അല്ലാതെ രചിച്ചവര്‍ എന്നല്ല അര്‍ഥമെടുക്കേണ്ടത്.
ഇതുകൂടാതെ ‘ഋഷി’ എന്ന ശബ്ദം വസിഷ്ഠന്‍ തുടങ്ങിയ ഋഷിമാര്‍, സൂര്യന്‍ എന്ന അര്‍ഥത്തിലുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. എന്തിന് ഋഷിശബ്ദത്തിന് വേദമന്ത്രമെന്നുപോലും അര്‍ഥമുണ്ടെന്ന് വ്യാകരണശാസ്ത്രം പഠിച്ചവര്‍ക്ക് അറിയാം. ”കര്തരിചര്ഷി ദേവതയോഃ” (അഷ്ടാധ്യായി 3.2.186) എന്ന പാണിനീയസൂത്രത്തിലെ ‘ഋഷി’ശബ്ദത്തിന് സിദ്ധാന്തകൗമുദിയില്‍ ഭട്ടോജിദീക്ഷിതര്‍ നല്കിയ അര്‍ഥം ‘ഋഷിര് വേദമന്ത്രഃ’ എന്നാണ്. ശരീരത്തിലെ ത്വക്, കണ്ണ്, കാത്, നാവ്, മൂക്ക്, മനസ്സ്, ബുദ്ധി എന്നീ ഏഴു ഋഷിമാര്‍ ശരീരത്തെ രക്ഷിക്കുന്നുവെന്ന് യജുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ട്. കാണുക: സപ്തഋഷയ പ്രതിഹിതാ ശരീരേ സപ്തരക്ഷന്തി സദമ പ്രമാദം (യജുര്‍വേദം 34.55)
അനേകം ഋഷിമാര്‍ ഋഗ്വേദത്തിലുണ്ട്. ഗൗപായന, പ്രഭൂവസു, പ്രതിഭാനു, പ്രതിപ്രഭ, ശ്രുതവിത് തുടങ്ങി അനേകം ഋഷിമാരെ നമുക്ക് ഋഗ്വേദത്തില്‍ കാണാം. ധാരാളം ഋഷികകള്‍ (സ്ത്രീകളായ ഋഷിമാര്‍) ഋഗ്വേദത്തില്‍ നമുക്ക് കാണാം. ഇതില്‍നിന്നും ആദ്യകാലത്ത് സ്ത്രീകള്‍ക്ക് വേദാധികാരമുണ്ടെന്നുതന്നെ മനസ്സിലാക്കാമല്ലോ.)