സാമവേദ പരിചയം
സാമം ഗീതമാണ്. എന്തുവിധം ഗീതമാണ്? സ്തുതിഗീതം. സ്തുതിപ്രധാനമായ ഋക്കുകളുടെ ഗീതമാണ് സാമം. ഷോ അന്തഃകര്‍മണി എന്ന ധാതുവില്‍നിന്നാണ് സാമശബ്ദം നിഷ്പന്നമാകുന്നത്. അന്തകര്‍മവിനാശഃ’ എന്ന് ഷീരതരംഗിണികാരനായ ക്ഷീരസ്വാമിയുടെ നിര്‍വചനം. ഏതുവിധത്തിലുള്ള അന്തഃകര്‍മത്തെയാണ് സാമം നശിപ്പിക്കുന്നത്? ആനന്ദരസത്തെ അനുഭവിക്കുന്നതിന് തടസ്സമാകുന്ന പാപങ്ങളെയാണ് സാമം നശിപ്പിക്കുന്നത്. ‘സാമം സാന്ത്വപ്രയോഗേ’ എന്ന് കൗമുദി. സാന്ത്വനിപ്പിക്കലാണ് സാമം. ആലാപനത്തിലൂടെ സമാധാനിപ്പിക്കുന്നത് സാമമാണ്.
അഥര്‍വവേദത്തിലെ വിവാഹസൂക്തത്തില്‍ ഇങ്ങനെ കാണാം- അമോഹമസ്മി സാ ത്വം(26). ഇവിടെ സാ എന്നതിന് വാണിയെന്നും ‘അമ’ എന്നതിന് പ്രാണശക്തിയെന്നും അര്‍ഥം.
വാക്കും പ്രാണനും ഒത്തുചേര്‍ന്നാണല്ലോ സാമഗാനം ആലപിക്കുന്നത്. ശതപഥബ്രാഹ്മണം, കാഠകസംഹിത, ജൈമിനീയ ഉപനിഷദ് ബ്രാഹ്മണം ഇവയൊക്കെ ‘സാ’യുടെയും ‘അമ’യുടെയും യോഗത്തെക്കുറിച്ചും പറയുന്നുണ്ട്.(27)
ഭാരതത്തിന്റെ വൈദികഭക്തിയുടെ സര്‍വസ്വവുമാണ് സാമവേദം. 1875 മന്ത്രങ്ങളുള്ള ഈ വേദം രണ്ടായി തിരിച്ചിരിക്കുന്നു. പൂര്‍വാര്‍ചികം, ഉത്തരാര്‍ചികം എന്നിങ്ങനെ. പൂര്‍വാര്‍ചികത്തില്‍ ഭക്തിയുടെ പരിപൂര്‍ണത നമുക്ക് ദര്‍ശിക്കാം. ഛാന്ദോഗ്യോപനിഷത്തില്‍ ”ഋചഃ സാമരസഃ” (1.1.2) എന്ന് പറഞ്ഞതുകാണാം. സാമം ഋചയുടെ രസമാണെന്നര്‍ഥം. ഈശ്വരന്റെ വിവിധ നാമങ്ങളില്‍ ഓരോന്നും ഭഗവാന്റെ വിവിധ സ്വരൂപങ്ങളെ കാട്ടിത്തരുന്നു. ഈ വിശിഷ്ട ഗുണങ്ങളാണ് ഭക്തിരസത്തിന്റെ ഉറവിടം. ഉപാസനയുടെ വിവിധ തലങ്ങള്‍ നമുക്ക് സാമത്തില്‍ കാണാം. ദേവദൂതനായ അഗ്നി, അഗ്നിയുടെ മുന്‍പിലെ നമസ്‌കാരം, ഇരുസന്ധ്യകളിലെ ആരാധന, കവിയായ അഗ്നി അങ്ങനെ സാമത്തില്‍ അഗ്നി ഉപാസന വര്‍ണിച്ചിട്ടുണ്ട്. സാമത്തിലെ പൂര്‍വാര്‍ച്ചികത്തില്‍ ആഗ്നേയകാണ്ഡത്തിലാണ് ഈ വിവരണങ്ങളൊക്കെ ഉള്ളത്. പൂര്‍വാര്‍ചികത്തിലെ രണ്ടാമത്തെതായി വരുന്ന ഐന്ദ്രകാണ്ഡം ഇന്ദ്രദേവന് സമര്‍പ്പിച്ചതാണ്. ഇന്ദ്രനെന്ന് പേരുള്ള പരമാത്മാവിന് സമര്‍പ്പിച്ചതാണ് ഈ ഭാഗം. അപാരമായ ഐശ്വര്യത്തിന്റേയും വൈഭവത്തിന്റേയും സ്വാമിയാണ് ഇന്ദ്രന്‍. പരമാത്മാവിന്റെ പേരാണിതെന്നു പറഞ്ഞുവല്ലോ. എന്നാല്‍ പുരാണകഥകളില്‍ ഇന്ദ്രനെ വിടനായും മറ്റുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സാമമന്ത്രങ്ങളില്‍ ഇന്ദ്രനെ പുരൂഹുത, ശതക്രതു, മഘവന്‍, വജ്രി എന്നീ പേരുകളില്‍ വര്‍ണിക്കുന്നുണ്ട്. നാനാപ്രകാരത്തില്‍ വര്‍ണിതനായ ഇന്ദ്രനെയാണ് ‘പുരൂഹുത’ എന്ന് പറയുന്നത് ദിവ്യകര്‍മങ്ങളുടെ കര്‍ത്താവാണ് പരമാത്മാവ്. അനേകായിരം കര്‍മങ്ങളുടെ ആധിപത്യമുള്ള പരമേശ്വരന്‍ അതിന്റെ അവിദ്യകളില്‍ ചെന്നു വീഴുകയുമില്ല. അതിനാല്‍ ഇന്ദ്രന് ‘ശതക്രതു’വെന്നു പേരായി. അപാരമായ ഐശ്വര്യശാലിയും ഭക്തജനങ്ങള്‍ക്ക് ദിവ്യവും ഭൗതികവുമായ സര്‍വ ഐശ്വര്യങ്ങളും വിതരണം ചെയ്യുകയാല്‍ ‘മഘവന്‍’ എന്നറിയപ്പെടുന്നു.
ഇന്ദ്രന്‍ പരാക്രമിയായ പരമാത്മാവാണ്. ദുഷ്ടജനങ്ങളെ നശിപ്പിക്കാന്‍ ശക്തിയുള്ളതിനാല്‍ ഈശ്വരന് വജ്രീ എന്നു പേരായി.
പ്രകൃതിയുടെ ദിവ്യമായ സാന്നിധ്യത്തില്‍ ഉപാസന എങ്ങനെ ചെയ്യണമെന്ന് സാമം വിശദീകരിക്കുന്നു.
”ഉപഹ്വരേ ഗിരീണാം സംഗമേ ച
നദീനാമ്. ധിയാ വിപ്രോ അജായത
(സാമവേദം 143-ാം മന്ത്രം)
അര്‍ഥം: പര്‍വതങ്ങളുടെയും നദികളുടെയും സംഗമങ്ങളില്‍ ഉപാസന ചെയ്യുന്ന ബുദ്ധിമാന്മാരായ സാധകര്‍ മോക്ഷമാര്‍ഗത്തില്‍ മുന്നേറുന്നു.
മറ്റൊരു സാമമന്ത്രം കാണുക:
”യോഗേ യോഗേ തവസ്തരം വാജേ വാജേ ഹവാമഹേ.
സഖായ ഇന്ദ്രഭൂതയേ” (സാമം 163)
അര്‍ഥം: മോക്ഷകാമിയായ മനുഷ്യന്‍ യോഗമാര്‍ഗത്തില്‍ ചലിച്ച് സാംസാരികദുഃഖങ്ങളെയും ദ്വന്ദങ്ങളേയും കഷ്ടങ്ങളേയും സംഘര്‍ഷങ്ങളേയും തരണം ചെയ്ത് വിജയം വരിച്ച് മുന്നേറണം. തന്റെ രക്ഷക്കായി ഇന്ദ്രപരമാത്മാവിനെ നിരന്തരം ആവാഹിക്കണം.
ഇതേപോലെ സാമവേദത്തിന്റെ ഉത്തരാര്‍ച്ചികത്തിലും ഭക്തിഭാവനയുടെ അനിതരസാധാരണമായ ധാര നമുക്ക് ദര്‍ശിക്കാം.
സ നഃ പവസ്വ ശം ഗവേ ശംജനായ
ശമര്‌വതേ. ശം രാജന്നോഷധീഭ്യഃ
(സാമവേദം 653)
അര്‍ഥം: പരമേശ്വരന്‍ ഞങ്ങളുടെ സമസ്ത വിചാരവികാരങ്ങളും ശുദ്ധമാക്കട്ടെ. സാര്‍വലൗകികമായ സുഖചിന്ത ഉണരട്ടെ. ഹൃദയങ്ങളില്‍ ശുഭചിന്ത നിറഞ്ഞ് സാധാരണക്കാര്‍ക്ക് നല്ലതുവരട്ടെ. ഔഷധികള്‍ക്കും വനസ്പതികള്‍ക്കും മൃഗങ്ങള്‍ക്കും നന്മ വരട്ടെ.
ഇങ്ങനെ സാമം സാര്‍വലൗകികമായ ഒരു അധ്യാത്മധാരയെ ഒഴുക്കിവിടുന്നു.