യജുര്‍വേദ പരിചയം
ചതുര്‍വേദങ്ങളില്‍ രണ്ടാം സ്ഥാനമാണ് യജുര്‍വേദത്തിന്. 40 അധ്യായങ്ങളിലായി 1975 മന്ത്രങ്ങളാണുള്ളത്. കര്‍മത്തിന്റെ പ്രാധാന്യത്തെക്കുറിക്കുന്ന യജുര്‍വേദം ആരംഭിക്കുന്നത് തന്നെ കര്‍മത്തിന്റെ പ്രാധാന്യം പ്രസ്താവിച്ചുകൊണ്ടാണ്. യജുര്‍വേദം അവസാനിക്കുന്നതാകട്ടെ ജീവിതയജ്ഞത്തിന്റെ പരിസമാപ്തിയെ വര്‍ണിച്ചുകൊണ്ടുമാണ്. യജുര്‍വേദത്തിലെ അവസാനത്തെ അധ്യായമാണ് ഈശാവാസ്യോപനിഷത്ത് എന്നു നേരത്തേ പറഞ്ഞുവല്ലോ.
ഈശ്വരന്‍, ജീവന്‍, പ്രകൃതി, സൃഷ്ടിരചന, ജീവാത്മാവ്, മരണം തുടങ്ങിയ അനിര്‍വചനീയമായ അനേകവിഷയങ്ങളെയാണ് യജുര്‍വേദം കൈകാര്യം ചെയ്യുന്നത്. മനുഷ്യന്‍ ആചരിക്കേണ്ട അനേകവിധ ധര്‍മങ്ങളെ ഒന്നൊന്നായി യജുര്‍വേദം വിവരിക്കുന്നുണ്ട്.
‘കര്‍മ’മെന്നതിന് യജുര്‍വേദം നല്കുന്ന വ്യാഖ്യാനം യജ്ഞമെന്നാണ്. ”യജ്ഞോവൈ ശ്രേഷ്ഠതമം കര്‍മം” എന്ന് ശതപഥബ്രാഹ്മണം പറയുന്നുണ്ട്. ‘യജ്ഞോ വൈവിഷ്ണു’വെന്നും ശതപഥം പറയുന്നു.
വിഷ്ണുപുരാണത്തില്‍, ഏറെ കൗതുകമുണര്‍ത്തുന്ന ഒരു ശ്ലോകം യജുര്‍വേദത്തെക്കുറിച്ചു കാണാം. അതിങ്ങനെ-
ഏക ആസീദ് യജുര്‌വേദസ്തം
ചതുര്ധാ വ്യകല്പയത്.
ചാതുര്‌ഹോത്രമഭൂത്തസ്മിന്‍
തേനയജ്ഞമകല്പയത്
(വിഷ്ണുപുരാണം 14.11)
വിഷ്ണുപുരാണകര്‍ത്താവിന്റെ മതപ്രകാരം യജുര്‍വേദം മാത്രമാണ് ഒരേയൊരു വേദം. ആദ്യം യജുര്‍വേദം മാത്രമാണ് ഉണ്ടായിരുന്നത്, പിന്നീടത് നാലായിത്തീര്‍ന്നു.
കേരളത്തിനു പുറത്തുള്ള, ദാക്ഷിണാത്യന്മാരായ പല യജുര്‍വേദപണ്ഡിതന്മാരൂം വിഷ്ണുപുരാണകര്‍ത്താവിന്റെ മതത്തെ അതേപോലെ വിശ്വസിക്കുന്നവരാണ്. അവരെല്ലാവരും തന്നെ യാജ്ഞികന്മാരുമാണ്. യജ്ഞകര്‍മത്തിന് പ്രാമുഖ്യം നല്‍കുന്നതാണത്രെ യജുര്‍വേദത്തിന് മൂലവേദമെന്ന പദവി ചില പാരമ്പര്യബ്രാഹ്മണവിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരം നേടുവാന്‍ കാരണം. എന്നാല്‍ പുരാണകര്‍ത്താവിന്റെ വീക്ഷണത്തോട് ആര്‍ഷഗ്രന്ഥങ്ങള്‍ അനുകൂലിക്കുന്നതായി കാണുന്നില്ല.
വേദമെന്നാല്‍ യജ്ഞകര്‍മപ്രധാനമാണെന്നും മന്ത്രങ്ങളുടെ വിനിയോഗം യാഗങ്ങളില്‍ മാത്രമാണെന്നുമുള്ള അവൈദികചിന്തകള്‍ സമൂഹത്തില്‍ പ്രചരിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തിലായിരിക്കണം മേല്‍പറഞ്ഞപ്രകാരമുള്ള ചിന്തകള്‍ അവതരിച്ചത്.
യജ്ഞ-യാഗങ്ങളുടെ കൈപ്പുസ്തകമാണ് യജുര്‍വേദം എന്നാണ് പലരുടെയും അഭിപ്രായം. ഈയൊരു അഭിപ്രായം രൂപപ്പെടുത്തിയതിനു പിന്നില്‍ സായണാചാര്യന്‍ മാത്രമല്ല ഉവ്വടനും മഹീധരാചാര്യനുമെല്ലാം കാരണക്കാരാണ്. വിദേശ ഇന്‍ഡോളജിസ്റ്റുകള്‍ അതിനെ സമര്‍ഥമായി പ്രയോജനപ്പെടുത്തുകയും ചെയ്തു.
ശബ്ദകല്പദ്രുമത്തില്‍ ഇങ്ങനെ കാണാം: ”യജുരേവ വേദഃയജുഷാം വേദ ഇതി വാ.”
യാജുസ്സുകളുടെ വേദം യജുര്‍വേദം. ”യാജുഷാം ഋക് സാമഭിന്നാനാം മന്ത്രോണാം പ്രതിപാദകോ വേദഃ യജുര്‍വേദഃ” എന്ന നിര്‍വചനം വാചസ്പത്യത്തിലും കാണാം. ഛന്ദോബദ്ധമായ ഋക്കുകളില്‍നിന്നും ഗീതിരൂപത്തിലുള്ള സാമത്തില്‍നിന്നും ഭിന്നമായ മന്ത്രങ്ങളാണ് യജുര്‍വേദം. ഇതുതന്നെ മറ്റൊരു തരത്തില്‍ സായണാചാര്യരും പറയുന്നു. ‘വൃത്തഗീതിവര്‍ജിതത്വേന അക്ലിഷ്ടപഠിതാഃ മന്ത്രാഃ യജൂംഷി.’ ഋഗ്വേദം പദ്യമയമാണെങ്കില്‍ യജുസ്സ് ഗദ്യമാണ്. എന്നാല്‍ ഈ നിര്‍വചനം പൂര്‍ണമെന്നു പറവാനാകില്ല. എന്താണ് യജുസ്സ്? എന്തുകൊണ്ട് യജുസ്സ് എന്നു വിളിക്കപ്പെടുന്നു? ഇതിനുത്തരം പറയണം. കാഠകഋഷിയുടെ സംഹിതയില്‍ ഇതിനുത്തരമുണ്ട്. യജുഭിര്‌യജന്തി-യജുസ്സുകളെക്കൊണ്ട് യജിക്കുന്നു. യജിക്കുക എന്നതിന് ദേവപൂജ, സംഗതീകരണം, ദാനം എന്ന് അര്‍ഥം പറയാം. ധാതുപാഠകാരനും നിരുക്തകാരനും ഇതു ശരിവെക്കുന്നുണ്ട്. ദേവതകളെ സത്കരിക്കുക, ഒരുമിച്ചു ചേരുക, ദാനം ചെയ്യുക എന്ന് യജ്ധാതുവിന് അര്‍ഥം പറയാം. ദേവതകള്‍ എന്താണെന്ന് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. ഭൗതികപദാര്‍ഥങ്ങള്‍ മുതല്‍ ആധ്യാത്മികമായ കൂടിച്ചേരല്‍ വരെയുള്ളവ സംഗതീകരണത്തില്‍പെടുന്നു. വസ്തുക്കള്‍ക്കും പദാര്‍ഥങ്ങള്‍ക്കും മേലുള്ള അധികാരം ഒഴിയുന്നതാണ് ദാനം.
യജുര്‍വേദ ഭാഷ്യകാരന്മാര്‍
നേരത്തേ ഋഗ്വേദഭാഷ്യകാരന്മാരെക്കുറിച്ച് പറഞ്ഞതെല്ലാം ഇവിടെ സ്വീകാര്യമാണ്. പ്രാചീനവും അര്‍വ്വാചീനവുമായ അനേകം ഭാഷ്യങ്ങള്‍ യജുര്‍വേദത്തിന് ഉണ്ടായിട്ടുണ്ട്.